ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ പ്രവർത്തനങ്ങൾ നാടിൻ്റെ വികസനത്തിനും പുരോഗതിക്കും ഏറെ ഗുണപ്രദമായവയായിരുന്നു. കോവിഡ് മഹാമാരിയുടെ കെടുതികളിൽ നിന്നും പഞ്ചായത്തിനെ ഉയർത്തിയെടുക്കുകയായിരുന്നു ആദ്യ ലക്‌ഷ്യം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫിഷറീസ് ആശുപത്രിയിൽ ആരംഭിച്ച ഡി.സി.സി (ഡോമിസിയിൽ കെയർ സെന്റർ)യിലൂടെ കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സ ഉറപ്പാക്കി. കമ്മ്യൂണിറ്റി കിച്ചണിലൂടെ 25000 പേർക്ക് ഭക്ഷണം കൊടുക്കുന്നതിനും എല്ലാവർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കുന്നതിനും സാധിച്ചു.
തുടർന്നുള്ള വർഷങ്ങളിൽ ഭവന നിർമ്മാണം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി-പട്ടികവർഗ്ഗക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സമസ്തമേഖലകളിലും ചലനാത്മകമായ പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ പഞ്ചായത്തിനായി.
ലൈഫ് പദ്ധതിയിലൂടെ 300-ഓളം ഭവന രഹിതർക്ക് കിടപ്പാടം ഒരുക്കാൻ കഴിഞ്ഞു. അതിദരിദ്രരായ ജനങ്ങൾക്ക് ഭവനപദ്ധതിയിലൂടെ വീടുകൾ നൽകാനും സാധിച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ ആവശ്യമായിരുന്ന പൊതുശ്മശാനം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. കാർഷിക മേഖലയിലും, മൃഗസംരക്ഷണ-ക്ഷീരോത്പാദന മേഖലയിലും നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി.
അംഗനവാടികളിൽ പോഷക പരിപാടികൾ, അറ്റകുറ്റപ്പണികൾ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി. എല്ലാ വിദ്യാലയങ്ങളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തി. ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളും വയോജനങ്ങൾക്കുള്ള പദ്ധതികളും പ്ലാസ്റ്റിക്‌മാലിന്യ നിർമാർജനവുമായിബന്ധപ്പെട്ട് ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കി.
എം. സ്വരാജ്. എം. എൽ. എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വിവിധസർക്കാർ സ്ക്കൂളുകളിൽ പുതിയ കെട്ടിടം നിർമ്മിച്ചു നൽകി. മാലിന്യകൂമ്പാരം ആയിരുന്ന നടക്കാവ് മുളന്തുരുത്തി റോഡ് മാലിന്യമുക്തമാക്കുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും സാധിച്ചു.
കഴിഞ്ഞുപോയ അഞ്ചുവർഷം ഇടതുപക്ഷജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു.

