കൂടുതൽ തിളങ്ങി കുമ്പളം: വികസനത്തിൻ്റെ അഞ്ചു വർഷങ്ങൾ

0
20

കുമ്പളം: എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത്, വേമ്പനാട് കായലിൻ്റേയും കൈതപ്പുഴ കായലിൻ്റേയും തീരത്ത്, ജലത്താൽ ചുറ്റപ്പെട്ട കുമ്പളം, പനങ്ങാട് , ചേപ്പനം-ചാത്തമ്മ എന്നിങ്ങനെയുള്ള 3 ദ്വീപുകളുടെ സമുച്ചയമാണ് കുമ്പളം ഗ്രാമപഞ്ചായത്ത്. പൊക്കാളി പാടശേഖരങ്ങളും നെൽകൃഷിയിടങ്ങളും കണ്ടൽകാടുകളും നിറഞ്ഞ ഗ്രാമമായതുകൊണ്ടുതന്നെ വികസനങ്ങൾ എത്തുമ്പോഴും പ്രദേശത്തിന്റെ സൗന്ദര്യം അതേപോലെ കാത്തുസൂക്ഷിക്കാൻ  പഞ്ചായത്ത് പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.

വൻകിട വ്യവസായ ശാലകളോ കെട്ടിട സമുച്ചയങ്ങളോ ഇല്ലാത്തതിനാൽ നികുതി വരുമാനം തീരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് കെട്ടിട നികുതി വരുമാനം 100% പിരിച്ചെടുക്കാനുള്ള നടപടി തുടക്കത്തിലേ തന്നെ സ്വീകരിച്ചതോടെ 3 വർഷക്കാലവും 100% ഫണ്ട് സ്വരൂപിക്കാനായത് വികസനത്തിൻ്റെ കുതിച്ചുചാട്ടത്തിന് ഊർജ്ജം നൽകി. മുൻഗണനാടിസ്ഥാനത്തിൽ പദ്ധതികൾ രൂപീകരിച്ചതും, അവ പൂർണതയിലെത്തിക്കാനായുള്ള പരിശ്രമവുമായിരുന്നു എല്ലാം വേഗത്തിൽ സാധ്യമാക്കുന്നതിന് കാരണമായത് എന്ന് തന്നെ പറയാം.  

സ്ഥല പരിമിതിമൂലം ഓഫീസ് പ്രവർത്തനത്തിന് വലിയ പ്രതിസന്ധി നേരിട്ടപ്പോഴാണ് കുമ്പളം ഗ്രാമപഞ്ചായത്ത് ഓഫീസിനു സ്ഥല സൗകര്യം വർദ്ധിപ്പിച്ച് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രസിഡണ്ടിന് പുതിയ ഓഫീസ് മുറി, എൻജിനീയറിംഗ് വിഭാഗത്തിന് കൂടുതൽ സൗകര്യങ്ങളോടെ ഓഫീസ്, ആധുനിക സാങ്കേതിക തികവോടെ മികച്ച ഫ്രണ്ട് ഓഫീസ്, വി ഇ ഒ മാർക്ക് പരിഗണന നൽകി ഓഫീസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്ക് ഇരിപ്പിടം, കൃഷിഭവന് സൗകര്യം, കുടുംബശ്രീക്ക് പുതിയ ഓഫീസ്, തുടങ്ങിയവ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിച്ചത്. വയോജനങ്ങൾക്കും അംഗപരിമിതർക്കും ഏറെ പ്രയോജനപ്പെടുന്ന വിധം ലിഫ്റ്റ് സൗകര്യം, മുകൾനിലയിൽ ഓഡിറ്റോറിയം, പഞ്ചായത്തിലെത്തുന്നവർക്കു വേണ്ടി പൊതു ശൗചാലയം എന്നിവയും ഇതോടെപ്പം വിഭാവനം ചെയ്ത് നടപ്പാക്കി. ജീവനക്കാർക്കും പൊതു സമൂഹത്തിനും ഒരുപോലെ സംതൃപ്തി പകരാൻ ഇത് കാരണമായിട്ടുണ്ട്.  

ചേപ്പനം പ്രദേശത്ത് പൊതു ആവശ്യങ്ങൾക്കുള്ള ഒരു ഓഡിറ്റോറിയവുമില്ല എന്ന കുറവ് പരിഹരിക്കാൻ കഴിഞ്ഞതായിരുന്നു മറ്റൊരു നേട്ടം. പട്ടികജാതി വിഭാഗ പ്രോജക്ടിൽ പെടുത്തി 3 നിലകളിലായി പണിതീർത്തിട്ടുള്ള കെട്ടിടത്തിൽ താഴെ പാർക്കിംഗിനും ഒന്നാം നില ഭക്ഷണ വിതരണത്തിനും രണ്ടാം നില പ്രോഗ്രാം വേദിയുമായി നിർമ്മിച്ചു നൽകി. ഇവിടെ ‘ലിഫ്റ്റ് ഏർപ്പെടുത്തുന്നതിനുള്ള പദ്ധതി രൂപീകരിക്കാനുമായിട്ടുണ്ട്. 

ഏറെക്കാലമായി വയോജനങ്ങൾക്ക് മാനസികോല്ലാസത്തിനായി ഒത്തുചേരുന്നതിനായി ഒരിടം വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടു. അതുപോലെതന്നെ പനങ്ങാട് കാമോത്ത് പൊതുഭൂമിയിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ ഒരു ബഹുനില മന്ദിരം നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത് ഉടൻ തുറന്നു കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.   

നാഷണൽ ഹൈവേ 66 ൽ അരൂർ-ഇടപ്പള്ളി ബൈപ്പാസിലെ അരൂർ-കുമ്പളം മുതൽ വടക്ക് മരട് മുനിസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്ന മാടവന വരെയുള്ള ഭാഗത്ത് പഞ്ചായത്ത് തനത് ഫണ്ടു പയോഗിച്ച് വഴി വിളക്കുകൾ സ്ഥാപിച്ചത് യാത്രക്കാർക്ക് ഏറെ ആശ്വാസമായി മാറി.

ഗ്രാമത്തിൻ്റെ പ്രധാന ജംഗ്ഷനുകളിൽ മുൻ എം. എൽ. എ M. സ്വരാജിൻ്റെ ഫണ്ടുപയോഗിച്ച് വഴി വിളക്കുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം കുമ്പളം വടക്കേ അറ്റത്തുള്ള കുമ്പളം-മരട് പാലത്തിലും വഴിവിളക്കുകൾ സ്ഥാപിച്ചുനൽകി. 

പനങ്ങാട് പ്രദേശത്ത് ശ്രീ നാരായണപുരം ജംഗ്ഷനോടു ചേർന്നുള്ള പൊതു കുളം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി മുൻ എംഎൽഎ M സ്വരാജിൻ്റെ ഫണ്ടിനോടൊപ്പം ഗ്രാമപഞ്ചായത്തിന്റെ തുകയും കൂടി ഉപയോഗപ്പെടുത്തി പൊതുജലാശയം കരിങ്കല്ലുകെട്ടി സുരക്ഷിതമാക്കി ചുറ്റിലും കമ്പി വലകൾ സ്ഥാപിച്ച് മാലിന്യ മുക്തമാക്കാനും സാധിച്ചു. കുളത്തിൻ്റെ ഒരു വശത്ത് പൊതു സമൂഹത്തിന് ഒത്തുചേരുന്നതിന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥാപിക്കാനായത് സാംസ്കാരിക മേഖലയിൽ പുതിയ ഉണർവ്വുണ്ടാക്കി എന്ന് തന്നെ പറയാം. 

ആരോഗ്യ മേഖലയിൽ അതുല്യമായ മുന്നേറ്റം പഞ്ചായത്തിനു നടത്താനായി. പനങ്ങാട് മുണ്ടേംപളളി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സേവനത്തിന് 95.88 പോയിൻ്റ് നേടി ദേശീയ പുരസ്കാരത്തിന് അർഹത നേടി എന്നത് ഏറെ ശ്രദ്ധേയമാണ്. ജനകീയ പങ്കാളിത്തത്തോടെ 500 ലേറെ പ്രവർത്തകരെ പങ്കെടുപ്പിച്ചു നടത്തിയ ശുചീകരണ പരിപാടികൾ ജനശ്രദ്ധ നേടിയിരുന്നു. അടച്ചുറപ്പുള്ള 250 ഭവനങ്ങൾ നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്.  അതിൽ  225 വീടുകൾ ഇതിനകം നിർമിച്ചു കഴിഞ്ഞു. കുമ്പളം ശാന്തിതീരം പൊതു ശ്മശാനത്തിൽ വിറക് സംസ്കരണ ക്രിമിറ്റോറിയത്തിനു പുറമെ പുതിയ ഗ്യാസ് ക്രിമിറ്റോറിയം കൂടി നിർമ്മിച്ചു. 

ഇത്തവണയും ജനങ്ങൾ കൂടെയുണ്ടാകും എന്ന് തന്നെയാണ് ഭരണ സമിതി കരുതുന്നത്. അതുകൊണ്ടുതന്നെ നല്ലൊരു മുന്നേറ്റം ലക്ഷ്യമിട്ടാണ് പാർട്ടിയുടെ പ്രവർത്തനം.  

LEAVE A REPLY

Please enter your comment!
Please enter your name here