
മരട് : ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകയായ മരട് നഗരസഭയ്ക്ക് ബഹുമതി. സ്വച്ഛ് സർവേക്ഷൻ 2024-ൽ ദേശീയ തലത്തിൽ 488-ാം റാങ്കും, സംസ്ഥാനതലത്തിൽ 32-ാം സ്ഥാനവും കരസ്ഥമാക്കിയതിന് ജില്ലാ പഞ്ചായത്തും ശുചിത്വ മിഷനുംചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ മരട് നഗരസഭയെ ആദരിച്ചു. മുൻവർഷം മരട് നഗരസഭയുടെ ദേശീയ റാങ്കിങ് 3752 ആയിരുന്നു. സംസ്ഥാനതല റാങ്കിലും 83-ൽനിന്ന് 32-ലേക്ക് ഉയർന്നു.
ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനിൽനിന്ന് മരട് നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ ബഹുമതിയും ഉപഹാരവും ഏറ്റുവാങ്ങി. ചടങ്ങിൽ മരട് നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ റിനി തോമസ്, കൗൺസിലർ ജയ ജോസഫ്, നഗരസഭാ സെക്രട്ടറി നാസിം ഇ., ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, ശുചിത്വമിഷൻ പ്രതിനിധി വൈ.പി. സുകന്യ സുന്ദരൻ എന്നിവരും പങ്കെടുത്തു.
