മരട്: സർവീസ് സഹകരണ ബാങ്കിന്റെ ഷോപ്പിങ് കോംപ്ലക്‌സിൽ ഒന്നാംനിലയിൽ 2020 ജൂൺ 10 മുതൽ പ്രവർത്തിച്ചുവരുന്ന മരട് സബ് രജിസ്ട്രാർ ഓഫീസ് നാളിതുവരെ കെട്ടിടവാടക നൽകാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരാതി.
വാടക നൽകാത്തതിനെതിരേ മരട് സർവീസ് സഹകരണ ബാങ്കധികാരികളാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിൽ നിലവിൽ ചരിവ് കണ്ടെത്തിയിട്ടുള്ളതിനാൽ ഇതു സംബന്ധിച്ച് വിദഗ്ധോപദേശത്തിന് രണ്ട് സർക്കാർ അംഗീകൃത ഏജൻസികളിൽനിന്നും റിപ്പോർട്ട് ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള മന്ദിരത്തിൽനിന്നും ബാങ്ക് പ്രവർത്തനം അടിയന്തരമായി മാറേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ബാങ്ക് വാടകയ്ക്ക് നൽകിയിട്ടുള്ള, മരട് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചുവരുന്ന ഫ്ലോറിൽ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലം തുടർന്നും ഉപയോഗിച്ചുകൊണ്ട് ബാക്കി സ്ഥലം അടിയന്തരാവശ്യത്തിലേക്ക് ലഭ്യമാക്കുന്നതിനായി ബാങ്ക് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ഈ കാലയളവിലെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചതിന്റെ വാടക തുക ലഭ്യമാക്കുന്നതിനും ബാങ്കിന് ആവശ്യമായ സ്ഥലം വിട്ടുകിട്ടുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾക്കെതിരേ നടപടി സ്വീകരിച്ചിട്ടുള്ളതായും ബാങ്ക് അധികൃതർ അറിയിച്ചു.

