തൃപ്പൂണിത്തുറ : ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായിട്ടുള്ള ലംഘനം. യാത്രക്കാർ നടന്നുപോകാൻപോലും പാടുപെടുന്ന റോഡിൽ വാഹനങ്ങളിൽ വഴിയോരക്കച്ചവടം തകൃതിയായി നടക്കുമ്പോഴും കണ്ണടച്ച് തൃപ്പൂണിത്തുറ നഗരസഭാധികൃതർ.
വാഹനത്തിരക്കും ജനത്തിരക്കുമേറിയ തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട ചന്തവാതിൽ റോഡിലും മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിലുമൊക്കെ പകൽ സമയങ്ങളിലും രാത്രിയിലും വഴിയോരക്കച്ചവടങ്ങളുണ്ട്. വാഹന യാത്രികർക്ക് ഇത് വലിയ അപകട ഭീഷണിയും ഉയർത്തുന്നു.
ടെമ്പോയിലും പെട്ടിഓട്ടോയിലും ഉന്തുവണ്ടികളിലുമൊക്കെയായി പഴവർഗങ്ങൾ, പച്ചക്കറി തുടങ്ങിയവയുമായി നിരത്ത് കൈയടക്കിയിരിക്കുകയാണ് അനധികൃത കച്ചവടക്കാർ. അതാകട്ടെ റോഡിൽ മറ്റ് കടകൾക്ക് മുന്നിലും. ഇടതിങ്ങിയ റോഡിൽ വീതിയില്ലായ്മമൂലം ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഞെരുങ്ങി എന്നോണമാണ് പോകുന്നത്. അതിനിടയിലാണ് വാഹനങ്ങളിലായുള്ള വഴിയോരക്കച്ചവടവും.
ചിലർ സ്വന്തം സ്ഥലമെന്നപോലെ സ്ഥിരമായി ഒരേ സ്ഥലത്ത് തട്ടുകൾ സ്ഥാപിച്ച് വഴിയോരക്കച്ചവടവും നടത്തിവരുന്നുണ്ട്. ഭരണകക്ഷി ഉൾപ്പെടെയുള്ള രാഷ്ടീയകക്ഷികളുടെ പിന്തുണ ലഭിക്കുന്നതാണ് ഇക്കൂട്ടർക്ക് ധൈര്യം പകരുന്നതെന്നും അതാണ് ഒഴിപ്പിക്കുന്ന കാര്യത്തിൽ തടസ്സമാകുന്നതെന്നും ആക്ഷേപമുണ്ട്.
റോഡിൽ മാർഗതടസ്സമുണ്ടാക്കിയുള്ള കച്ചവടങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പാടില്ല എന്ന് ഹൈക്കോടതി ഉത്തരവുള്ളപ്പോൾതന്നെയാണ് തൃപ്പൂണിത്തുറ നഗരത്തിൽ ഈ സ്ഥിതി വിശേഷം എന്നതാണ് വിരോധാഭാസം. നടപ്പാതകളിലൂടെ ആളുകൾക്ക് സുഗമായി നടന്നുപോകാൻപോലും പറ്റാറില്ല. പ്രായമേറിയവരുടെ കാര്യമാണ് ഏറെ കഷ്ടം.

