കൊച്ചി: മുന്‍ ജില്ലാ പഞ്ചായത്തംഗമായ സന്ദർഭങ്ങളില്‍ തനിക്ക് പൂര്‍ത്തിയാക്കാനായ പദ്ധതികളുടെ ആത്മവിശ്വാസത്തില്‍ വിജയ പ്രതീക്ഷ ഉറപ്പിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് ഉദയംപേരൂര്‍ ഡിവിഷനിലേക്ക് ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സോന സോന ഒ.എസ്. നാടും നാട്ടുകാരെയും എല്ലാത്തിലുമപരി സാധാരണക്കാരുടെ പ്രശ്നങ്ങൾ നന്നായി തിരിച്ചറിയുന്നതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് എന്ന സാഹസികത സോനയെ സംബന്ധിച്ച് ഒരു ജീവിത ദൗത്യം തന്നെയാണ്.
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലുൾപ്പെടുന്ന കുമ്പളം, ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നി മൂന്ന് പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് എറണാകുളം ജില്ലാ പഞ്ചായത്ത് ഉദയംപേരൂര്‍ ഡിവിഷന്‍. ഇവിടുത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും വിയര്‍പ്പിന്റെ മൂല്യവും ജീവിത യാഥാര്‍ത്ഥ്യങ്ങളും നേരിട്ട് അനുഭവിച്ചാണ് സോന വളര്‍ന്നുവന്നത്.സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂളിലും സെന്റ് തെരേസാസ് ഹൈസ്‌കൂളിലുമായിട്ടാണ് അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഹിസ്റ്ററിയിലും സോഷ്യോളജിയിലും ബിരുദവും, തുടര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് എക്കണോമിക്സില്‍ ബിരുദവും നേടിയിട്ടുണ്ട്.
2015-ല്‍ എറണാകുളം ജില്ലാ പഞ്ചായത്തിലെ വല്ലാര്‍പാടം ഡിവിഷനില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സോന വിജയിച്ചിരുന്നു. കോവിഡും, പ്രളയവും നമ്മെ ഉലച്ച നാളുകളില്‍ കടുങ്ങല്ലൂര്‍, മുളവുകാട്, ഏളങ്കുന്നപ്പുഴ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വല്ലാര്‍പാടം ഡിവിഷനില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സോന കാഴ്ചവെച്ചത്.18 കോടി രൂപയുടെ പൊതുജനത്തിന് അടിയന്തിരമായി ആവശ്യമുള്ള അടിസ്ഥാന വികസന പദ്ധതികളാണ് സോന വല്ലാര്‍പാടം ഡിവിഷനില്‍ നടപ്പിലാക്കിയത്. റോഡ്, കൃഷിഭവന്‍, ശ്മശാനം, പൊതുമന്ദിരം തുടങ്ങി വികസനകത്തിന്റെ കൈ കടക്കാത്ത ഒരിടവും അന്ന് വല്ലാര്‍പ്പാടം ഡിവിഷനില്‍ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
മാനസികമായും സാമ്പത്തികമായും ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയ കാലത്ത് പോലും സാധാരണക്കാർക്ക് വേണ്ടി ഏറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനായതിന്റെ ആത്മവിശ്വാസമാണ് വീണ്ടും തെരഞ്ഞെടുപ്പ് ഗോധയിലേക്ക് സോനയെ നയിക്കുന്നത്. സോനയ്ക്ക് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹവും സ്വീകാര്യതയും ഉദയംപേരൂരിലെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിച്ച പ്രതീതിയാണ് നല്‍കുന്നത്.

